Saturday 18 March 2017

ശാരിക

കുങ്കുമം ചാലിച്ചെഴുതിയ സന്ധ്യയായ് 
പടരുന്നു വിണ്ണിലവളേകാകിയായ്.
വെള്ളിയിഴകളെ കോതിയൊതുക്കവെ
വിടചൊല്ലിയാദിത്യൻ അങ്ങകലെ.
വേനലിൻ സംഹാരതാണ്ഡവം തീർത്ത
മുത്തുകൾ കവിളത്ത് കളിപറഞ്ഞു...
നിത്യം പൊഴിക്കുന്ന നീർമണിപ്പൊയ്കയിൽ
അലകളില്ലെങ്കിലും നേരുണ്ടതിൽ.

കാട്ടുമുൾതണ്ടിൻ വിപഞ്ചികയിൽവെച്ചെൻ 
കണ്മുന്നിലാദ്യമായ് വന്നണഞ്ഞപ്പോൾ,  
പീലികൾനീർത്തി നടനമാടുന്നൊരു
പൊൻമയിൽ പോലവൾ  നിന്നെൻമുന്നിൽ.
ക്ഷിപ്രം അറിഞ്ഞുഞാനക്കുളിർഹാസത്തിൻ
പിന്നിൽമറച്ചൊരാ ശോകഗീതം.
അന്നിമിഷത്തിലെൻ അന്തരംഗത്തിലായ്
ഞാനതിൻ വീചികൾ കോറിയിട്ടു.

അവളെയറിയാൻ വേണ്ടാ വർഷങ്ങളും
വ്യാഴവട്ടവും പിന്നെ സംവത്സരവും.
അവളോടടുക്കുവാൻ വേണ്ടാ മയക്കുന്ന
കപടസഞ്ചാരിതൻ മോഹലാസ്യം.
ഇത്തിരി വെട്ടം വിതറുന്ന ഹൃദയവും,
മനതാരിൽ നിറവാർന്ന സൗഹൃദവും,
ഉൾകാമ്പിൽ അന്തമാം അർപ്പണവും,
പിന്നെ നിർമല സ്നേഹവും തീർച്ചതന്നെ. 

അവൾ ഭാവത്തിലോ കരിങ്കല്ലെങ്കിലും
പരമാർത്ഥത്തിലോ വെറും കന്മദവും.
അഗ്നിജ്വലിക്കുന്ന നേത്രങ്ങളും പേറി
ഹിമവാന്റെ ഹൃത്തിൽ പടർന്നിറങ്ങാനായ്
മെല്ലെയൊരുവേള മൂകമായ് കൂട്ടുതേടി.
പണ്ടെങ്ങോ കേട്ടൊരു ശാരികപ്പാട്ടുപോൽ
ഞാനും അവൾക്കൊപ്പമൊഴുകി...
ശാരിക അവൾ ശാരിക,
അവളെൻ്റെ  പ്രിയസ്നേഹിത!

No comments:

Post a Comment

Note: only a member of this blog may post a comment.